2009, നവംബർ 21, ശനിയാഴ്‌ച

ലോക സമാധാനത്തിന്

എന്റെ അരയിൽ കത്തിയുള്ളപ്പോൾ
ഞാൻ അവനെയും
അവന്റെ അരയിൽ അതു പതുങ്ങിയിരുന്നപ്പോൾ
അവൻ എന്നെയും ആക്രമിച്ചു.
എന്റെയും അവന്റെയും അരയിൽ അതുള്ളപ്പോൾ
ഞാനും അവനും സമാധാനമായിരുന്നു.
അതുകൊണ്ടാണ് ഞാൻ പറഞ്ഞത്
എല്ലാവരുടെയും അരയിൽ
കത്തിയുള്ള കാലത്തേ
ലോകത്ത് സമാധാനം ഉണ്ടാവൂ എന്ന്..

2009, നവംബർ 20, വെള്ളിയാഴ്‌ച

മിസൈൽ ആക്രമണം..

‘അഭയാർത്ഥി ക്യാമ്പിൽ മിസൈൽ ആക്രമണം
ഒരു മരണം.
വാർത്തവായിച്ച് പ്രസിഡന്റിനു കലിയിളകി
യുദ്ധമുഖത്തെ ക്യാപ്റ്റനെ വിളിച്ച് ആക്രോശിച്ചു:
“ഏത് മറ്റേടത്ത് നോക്കിയാടാ മിസൈലിടുന്നത്?“

2009, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

മൈക്രോസ് - 5 നഗ്നരായവരുടെ രാജ്യം.

ഒരിടത്തൊരിടത്ത് ഒരു രാജ്യമുണ്ടായിരുന്നു.
അവിടെ, ഒരിക്കല്‍ ഒരു രാത്രിയില്‍
തുണികളായ തുണികളൊക്കെ, 
അതായത്, വസ്ത്രങ്ങളായ വസ്ത്രങ്ങളൊക്കെ അപ്രത്യക്ഷമായി.
രാവിലെ ഉണര്‍ന്നപ്പോള്‍ ഒരാള്‍ക്കും വസ്ത്രമില്ല.
എവിടെയും  വസ്ത്രത്തിന്റെ ഒരു തുണ്ടുപോലുമില്ല
സ്ത്രീകളും പുരുഷന്മാരും മുക്കുമൂലകളില്‍ പരതി.
ഒരു തുണ്ടുപോലും  കിട്ടിയില്ല.
രാജ്യ തലസ്ഥാനത്തെ കോട്ടക്കു മുകളിൽ ഉയർത്തിയിരുന്ന പതാകപോലും കാണ്മാനില്ല.
വസ്ത്ര നിര്‍മാണ ശാലകള്‍ നിന്നിടം വലിയ കളിസ്ഥലം പോലെ കിടന്നു.
സ്ത്രീകളും പുരുഷന്മാരും  മുറികള്‍ക്ക് പുറത്തിറങ്ങാനാവാതെ വീര്‍പ്പുമുട്ടി.
വീര്‍പ്പുമുട്ടി വീര്‍പ്പുമുട്ടി മുറികള്‍ക്കുള്ളില്‍ മുതിര്‍ന്നവരെല്ലാം മരിച്ചുപോയി.
കുട്ടികള്‍ വീട് വിട്ടിറങ്ങി.
നാടും നഗരവും സ്വന്തമാക്കി
അങ്ങനെ നഗ്നരായവരുടെ രാജ്യമുണ്ടായി.
അങ്ങനെയിരിക്കെ കുറച്ചു കാലങ്ങൾക്കു ശേഷം ഒരു രാത്രിയിൽ
കോട്ടക്കു മുകളിലൂടെ ഒരു കോണകക്കീറ് പറന്നുവരുന്നത്
നഗ്നരായവരുടെ രാജ്യത്തെ പട്ടാളക്കാർ കാണാനിടയായി.
അവർ കലിപൂണ്ട് പടക്കോപ്പുകൾ കൂട്ടുകയും നിരവധി വെടിയുതിർക്കുകയും ചെയ്തു.
അന്നു മുതൽക്കാണത്രേ വസ്ത്രങ്ങളിൽ ഓട്ടകൾ വീഴാൻ തുടങ്ങിയത്

2009, ഒക്‌ടോബർ 14, ബുധനാഴ്‌ച

മൈക്രോസ് - 4 , വേഡ് വേരിഫിക്കേഷൻ


ഇതു കഥയോ കവിതയോ ഒന്നുമല്ല. കുറും കവിതകളോ കഥകളോ വന്നുകൂടെന്നുമില്ല.
മൈക്രോസിന് ഒരിടം ഇല്ലാത്തതിനാൽ ഇത് കവിതയിലോ കഥയിലോ പോസ്റ്റിക്കൊണ്ടിരിക്കുന്നു. പലവകയിൽ ഇടാനും ഇഷ്ടമില്ല.



വേഡ് വേരിഫികേഷൻ


കൊള്ളാമെന്നെഴുതി കമന്റാൻ പോയപ്പൊ
ദാണ്ടെ കിടക്കുന്നു വേഡ് വേരിഫികേഷൻ
'കൊള്ളില്ല!' (kolliLLa)


‘നന്നായിരിക്കുന്നു‘ എന്നു കമന്റാനൊരുങ്ങുമ്പോഴുണ്ട്
‘സോപ്പിംഗ്‘ (SOAPING) വളഞ്ഞുപുളഞ്ഞങ്ങനെ..


മറ്റൊരിക്കലാണെങ്കിൽ ഒരു മുട്ടൻ തെറി.


മുഴക്കോൽ


കവിതകൾക്കൊരു അളവുണ്ട്..
കഥകൾക്കും...
ഒരു വിൻ‌ഡോയും പിന്നെ സ്ക്രോൾ വീലിന്റെ നാലിലൊന്നും കവിതകൾക്ക്.
ഒരു വിൻ‌ഡോയും മൂന്നര സ്ക്രോൾ വീലും കഥകൾക്ക്..
ബ്ലോഗൻ കവികളേ കഥാകാരന്മാരേ ആ മുഴക്കോലൊന്നു കടം തരുമോ?


network printer/


ട്രേയിൽ പേപ്പറില്ലെന്നു പറഞ്ഞു.
വെച്ചു.
പേപ്പർ തെരഞ്ഞെടുക്കുവാൻ പറഞ്ഞു
തെരഞ്ഞെടുത്തു.
പാസ്‌വേഡ് കൊടുക്കാൻ പറഞ്ഞു.
കൊടുത്തു.
ഫയൽ തെരഞ്ഞെടുക്കാൻ പറഞ്ഞു.
എടുത്തു.
എന്തൊക്കെയോ പിന്നെയും ചോദിച്ചു.


ഒടുവിൽ ഒടുക്കത്തെ ചോദ്യം വന്നു:


“Are you sure you want to print this file?"


'ok' യിൽ അമർത്തുമ്പോൾ കൈ തരിച്ചു.



2009, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

മൈക്രോസ് - 3

ഇതു കഥയോ കവിതയോ ഒന്നുമല്ല. കുറും കവിതകളോ കഥകളോ വന്നുകൂടെന്നുമില്ല.
മൈക്രോസിന് ഒരിടം ഇല്ലാത്തതിനാൽ ഇത് കവിതയിലോ കഥയിലോ പോസ്റ്റിക്കൊണ്ടിരിക്കുന്നു. പലവകയിൽ ഇടാനും ഇഷ്ടമില്ല.


1. മുട്ടുവേലികൾ.


കുഞ്ഞിലേ വാപ്പാ പറയും..
മുട്ടുവേലിക്കപ്പുറം പോകരുത്
വഴിയിൽ പാഞ്ഞുവരുന്ന
കാറുണ്ട്, ജീപ്പുണ്ട്, സൈക്കിളുണ്ട്.


ചെറുപ്പത്തിൽ പറഞ്ഞു,
ദൂരെയെങ്ങും പോകരുത്
പിള്ളേരെപ്പിടുത്തക്കാരുണ്ട്.


ഇപ്പോ ഒരു കമ്പ്യൂട്ടർ വാങ്ങി
കണക്ഷൻ എടുത്തു തന്നിട്ടു പറഞ്ഞു:
ബൂലോകത്തെങ്ങും പോകരുത്.
ഇ. എ. ജബ്ബാറുണ്ട്,
സി. കെ. ബാബുവുണ്ട്,
പിന്നെയൊരുപ്പാപ്പയുണ്ട്; ഡാർവ്വിൻ!




2. ടാസ്ക് ബാർ


ടാസ്ക് ബാർ ഒരു മനസ്സുപോലെയാണ്.
ആത്മീയതയും, അനാശാസ്യങ്ങളും
വയറ്റുപ്പിഴപ്പിന്റെ വർക്ക് ഷീറ്റുകളും
സല്ലാപങ്ങളും വാൿപയറ്റുകളും
എല്ലാം ഒരുമിച്ച് മിനിമൈസ് ചെയ്യപ്പട്ട ഒരിടം.


3. ഒരമ്മ പെറ്റ റെയിൽ‌വേയ്സ്


തീവണ്ടികളുടെ കൂവലെല്ലാം ഒരു പോലെ..
ഒരു പക്ഷേ ഒരമ്മ പെറ്റതാവാം.


റെയിൽ‌വേ സ്റ്റേഷനുകളും അതിലെ ആരവങ്ങളും ഒരുപോലെ..
ഒരു പക്ഷേ ഒരമ്മ പെറ്റതാവാം.


റെയിൽ ചായയും
ചായ വിതരണക്കാരുടെ സ്വരവുമെല്ലാം ഒരുപോലെ..


ഒരു പക്ഷേ ഒരമ്മ പെറ്റതാണോ?



4. ബുക്ക് സ്റ്റാൾ


പുസ്തകശാലയിൽ ഇടതു വശത്ത് കുന്നുകൂടുന്ന പാചക പുസ്തകങ്ങൾ
അടുക്കളയിൽ മീൻ വെട്ടുകയും സവാള അരിയുകയും ചെയ്യുന്ന
ഒരു ഭർത്താവിന്റെ കദന കഥയും,
വലതു വശത്ത് കുന്നുകൂടുന്ന കോസ്മോ പുസ്തകങ്ങൾ
കണ്ണാടിക്കു മുന്നിൽ മുഖം മിനുക്കുന്ന ഒരു ഭാര്യയുടെ സൌന്ദര്യ രഹസ്യവും
പിന്നെ സ്ത്രീ ശാക്തീകരണ ചരിത്രവും
തുറക്കാതെ തന്നെ പറഞ്ഞു തന്നു.


2009, സെപ്റ്റംബർ 16, ബുധനാഴ്‌ച

മൈക്രോസ്-2

മൈക്രോസ് -1 ഇവിടെ വായിക്കാം.

മരുഭൂമി

അയാൾ കുറെ നാളായി അവളെ പേടിപ്പിക്കുന്നു.
‘നിനക്കുവേണ്ടിയാണ് ഞാനീ മരുഭൂമിയിൽ കഷ്ടപ്പെടുന്നതെന്ന്..‘
ഇന്നലെ അവൾ അയാളോടുചോദിച്ചു:
‘ഞാൻ ആർക്കുവേണ്ടിയാ ഈ മരുഭൂമിയിൽ കഷ്ടപ്പെടുന്നതെന്ന് ‘
അതേതാടീ ആ മരുഭൂമിയെന്നയാൾ..
‘അടുക്കള’യെന്നവൾ..


ചാറ്റിംഗ്.

അയാൾക്ക് ചാറ്റിംഗ് ഒരു ഹരമായിരുന്നു.
ആദ്യമാദ്യം പെങ്ങളെപ്പോലെയെന്നൊക്കെ നമ്പരിട്ടു.
പിന്നെപ്പിന്നെ അക്ഷരങ്ങളിലൂടെ പ്രണയം തലക്കുപിടിച്ചു.
ഉറക്കവും ഊണും നഷ്ടപ്പെട്ടു.
ഒരുപാട് നിർബ്ബന്ധിച്ച ശേഷം ക്യാമറക്കു മുൻപിൽ വന്നു.
പെങ്ങൾ തന്നെയായിരുന്നു
..

2009, ഓഗസ്റ്റ് 29, ശനിയാഴ്‌ച

RTA പ്രണയം..

അവനൊരു സുന്ദരൻ PRADO..
വെള്ളാരം കണ്ണുള്ളവൻ
തലയെടുപ്പുള്ള തറവാടി
അവളോ,
ഒരു കറുമ്പി..
കുറുമ്പി..
അൽ ഐൻ മുതൽ ദുബായ് വരെ
മലർന്നടിച്ചങ്ങനെ കിടന്നു..
അവൻ അവളെ പ്രണയിച്ചു.. '
അവൾ അവനെയും..
പ്രണയം ഗതിവേഗമാർന്നു..
120..130..140..160.. KMPH
ഓ, PRADO! BRAVO..!!
ഇനിയുമൊരുവൾ
മെലിഞ്ഞവൾ..
യുവസുന്ദരി..
വഴിവക്കിൽ നിന്നവനെ നോക്കി..
അഹോ.. കാമാതുരം.
ഒറ്റക്കണ്ണിൽ ഒരു മിന്നലാട്ടം.
ഒരു കണ്ണിറുക്കൽ..
നടുറോട്ടിലെ ത്രികോണ പ്രണയത്തിന്
വില 500 ദിർഹം!!

2009, മേയ് 28, വ്യാഴാഴ്‌ച

പ്രവാസി കുട്ടിക്കവിതകൾ....1

(പലപ്പോഴും നമ്മോടൊപ്പം കാലം കഴിച്ചുകൂട്ടുന്ന പ്രവാസി പിഞ്ചുപൈതങ്ങളെ നാം മറന്നുപോകുന്നു. അവർക്കു പാകത്തിനുള്ള കുട്ടിക്കവിതകളുടെ അഭാവത്തെക്കുറിച്ച് ഇന്നലെ ഒരു ബ്ലോഗിൽ വന്നകുട്ടിക്കവിതകൾ വായിച്ചപ്പോഴാണു ഓർത്തത്. ഇതു അതിനായുള്ള ഒരു എളിയ ശ്രമമാകുന്നു.)


ദേരയിലുണ്ടൊരു തട്ടുകട..
റോളയിലുണ്ടൊരു പെട്ടിക്കട
അജ്മാനിലുണ്ടൊരു ചായക്കട
അൽക്കൂസിലുണ്ടൊരു പാണ്ടിക്കട

തട്ടുകടയിലുണ്ട് പരിപ്പുവട
പെട്ടിക്കടയിലട സ്പെഷ്യലുണ്ട്..
പാണ്ടിക്കടയിലോ പക്കുവട
മുറുമുറെ തിന്നുന്ന പക്കുവട..

പത്തുദിർഹത്തിനു വാങ്ങിയെല്ലാം
കുട്ടനു കൊണ്ടുക്കൊടുത്തു പപ്പ.

പക്കുവടയും പരിപ്പുവടേം
തട്ടിക്കളഞ്ഞു പറഞ്ഞുകുട്ടൻ
‘ദേറാർ മെനി ഷോപ്സ് ആ‍ൾ ഓവെർ ഹിയർ
ഹർദീസും കെ. എഫ്.സീം മക്ഡൊണാൾസും
ഈ പപ്പാടെ കണ്ണിൽ പിടിക്കുകേലേ
ഈ പപ്പായെക്കൊണ്ട് ഞാൻ തോറ്റു മമ്മീ..
ഈ പപ്പായെക്കൊണ്ട് ഞാൻ തോറ്റു മമ്മീ..‘

2009, ഏപ്രിൽ 14, ചൊവ്വാഴ്ച

പൂച്ചകളും നാലു കാലും.

പൂച്ചകൾ നാലുകാലിലേ വീഴൂ..
വിജയന്റേതായാലും രമേശന്റേതായാലും
നാലുകാലിലേ വീഴൂ
പലരീതിയിൽ പരീക്ഷിച്ചുനോക്കി..
മുകളിൽനിന്നു തല കുത്തനെ ഇട്ടുനോക്കി,
വശങ്ങളിലേക്കു വീശിയെറിഞ്ഞു.
എന്നിട്ടും നാലുകാലിലേ വീഴൂ.
ഒടുവിൽ,
കാലുകൾ നാലും ഛേദിച്ച്
മുകളിൽ നിന്ന് നാഴേക്കെറിഞ്ഞു.
അപ്പോൾ അവ വീണില്ല.
വായുവിൽ വാശിപിടിച്ച് തങ്ങിനിന്നു..

2009, ഏപ്രിൽ 2, വ്യാഴാഴ്‌ച

മൈക്രോസ് ..

പെണ്ണ്...
************************
പെണ്ണായ് പിറക്കുകിൽ
വിണ്ണിൽ പിറക്കണം..
മണ്ണിൽ പിറക്കുകിൽ,
കൊത്തിപ്പറിച്ചിടും,
കൊല്ലും കുഴിച്ചിടും..
തെക്കേപ്പറമ്പിലെ
കക്കൂസ് തോടികളിൽ...
------------------------------------------------------
സുനാമി..
*************

കോമഡിഷോയ്ക്ക് താഴെ
രണ്ടുലക്ഷം മൃതദേഹങ്ങളും വഹിച്ച്
ഒരു സുനാമി വാർത്ത ഒഴുകി ഒഴുകി....
---------------------------------------------
മിന്നു..
**********

രാവിലെ സ്കൂളിൽ പോയ മിന്നുവിനെ
ഉച്ചക്കും കണ്ടില്ല..
വൈകിട്ടും കണ്ടില്ല..
ഇനി നോക്കാനൊരിടമില്ല...
ഒടുവിൽ , രാത്രിയിൽ
ഏഷ്യാനെറ്റ് ന്യൂസിൽ കണ്ടെത്തി..
അവനെ പോലീസ് തെരയുന്നുണ്ടത്രെ.
-----------------------------------------------------

പരിണാമം
*********

ഉടുതുണിയുടെ
പരിണാമ പാരമ്യതയില്‍
മനുഷ്യർക്ക്
പ്രകൃതിയുടെ ഒരു വാൽ
പുനർ പരിണമിക്കുമോ
ഡാർവ്വിൻ??!

തലയിണ....

സ്വപ്നങ്ങൾ നിറച്ച ഒരു ഭാണ്ടക്കെട്ടാകുന്നു തലയിണ...

ഉറങ്ങുമ്പോൾ സ്വപ്നങ്ങൾ ആരും അറിയാതെ തലയിലേക്ക് കയറുന്നു.

ഉണരുമ്പോൾ ഞാനൊന്നുമറിഞ്ഞില്ലേ എന്നമട്ടിൽ അവ

തലയിണയിൽ തിരികെക്കയറി ഉറക്കമാകും..

സ്വപ്നങ്ങൾ ഉറങ്ങുന്ന തലയിണ നെഞ്ചിലേക്ക് ചേർത്ത് മുറുകെപ്പുണർന്ന്

സ്വപ്നങ്ങളെ ഹൃദയത്തിലേക്ക് ആവാഹിക്കാൻ ഒരിക്കല്‍ ശ്രമിച്ചിട്ടുണ്ട് ഞാൻ..

അപ്പോള്‍ അവ ഉള്ളിലേക്ക് പ്രവഹിക്കുകയും

അവിടെയിരുന്നു വിങ്ങുകയും

പിന്നീട് ഹൃദയം പോട്ടിപ്പോകുമാറ് വികസിക്കുകയും ചെയ്തു..

അന്ന് ഞാന്‍ മനസ്സിലാക്കി,

സ്വപ്നങ്ങളെ ഉള്‍ക്കൊള്ളാന്‍ ഹൃയങ്ങള്‍ക്ക് ആവില്ലെന്ന്.....