2009, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

മൈക്രോസ് - 5 നഗ്നരായവരുടെ രാജ്യം.

ഒരിടത്തൊരിടത്ത് ഒരു രാജ്യമുണ്ടായിരുന്നു.
അവിടെ, ഒരിക്കല്‍ ഒരു രാത്രിയില്‍
തുണികളായ തുണികളൊക്കെ, 
അതായത്, വസ്ത്രങ്ങളായ വസ്ത്രങ്ങളൊക്കെ അപ്രത്യക്ഷമായി.
രാവിലെ ഉണര്‍ന്നപ്പോള്‍ ഒരാള്‍ക്കും വസ്ത്രമില്ല.
എവിടെയും  വസ്ത്രത്തിന്റെ ഒരു തുണ്ടുപോലുമില്ല
സ്ത്രീകളും പുരുഷന്മാരും മുക്കുമൂലകളില്‍ പരതി.
ഒരു തുണ്ടുപോലും  കിട്ടിയില്ല.
രാജ്യ തലസ്ഥാനത്തെ കോട്ടക്കു മുകളിൽ ഉയർത്തിയിരുന്ന പതാകപോലും കാണ്മാനില്ല.
വസ്ത്ര നിര്‍മാണ ശാലകള്‍ നിന്നിടം വലിയ കളിസ്ഥലം പോലെ കിടന്നു.
സ്ത്രീകളും പുരുഷന്മാരും  മുറികള്‍ക്ക് പുറത്തിറങ്ങാനാവാതെ വീര്‍പ്പുമുട്ടി.
വീര്‍പ്പുമുട്ടി വീര്‍പ്പുമുട്ടി മുറികള്‍ക്കുള്ളില്‍ മുതിര്‍ന്നവരെല്ലാം മരിച്ചുപോയി.
കുട്ടികള്‍ വീട് വിട്ടിറങ്ങി.
നാടും നഗരവും സ്വന്തമാക്കി
അങ്ങനെ നഗ്നരായവരുടെ രാജ്യമുണ്ടായി.
അങ്ങനെയിരിക്കെ കുറച്ചു കാലങ്ങൾക്കു ശേഷം ഒരു രാത്രിയിൽ
കോട്ടക്കു മുകളിലൂടെ ഒരു കോണകക്കീറ് പറന്നുവരുന്നത്
നഗ്നരായവരുടെ രാജ്യത്തെ പട്ടാളക്കാർ കാണാനിടയായി.
അവർ കലിപൂണ്ട് പടക്കോപ്പുകൾ കൂട്ടുകയും നിരവധി വെടിയുതിർക്കുകയും ചെയ്തു.
അന്നു മുതൽക്കാണത്രേ വസ്ത്രങ്ങളിൽ ഓട്ടകൾ വീഴാൻ തുടങ്ങിയത്

2009, ഒക്‌ടോബർ 14, ബുധനാഴ്‌ച

മൈക്രോസ് - 4 , വേഡ് വേരിഫിക്കേഷൻ


ഇതു കഥയോ കവിതയോ ഒന്നുമല്ല. കുറും കവിതകളോ കഥകളോ വന്നുകൂടെന്നുമില്ല.
മൈക്രോസിന് ഒരിടം ഇല്ലാത്തതിനാൽ ഇത് കവിതയിലോ കഥയിലോ പോസ്റ്റിക്കൊണ്ടിരിക്കുന്നു. പലവകയിൽ ഇടാനും ഇഷ്ടമില്ല.വേഡ് വേരിഫികേഷൻ


കൊള്ളാമെന്നെഴുതി കമന്റാൻ പോയപ്പൊ
ദാണ്ടെ കിടക്കുന്നു വേഡ് വേരിഫികേഷൻ
'കൊള്ളില്ല!' (kolliLLa)


‘നന്നായിരിക്കുന്നു‘ എന്നു കമന്റാനൊരുങ്ങുമ്പോഴുണ്ട്
‘സോപ്പിംഗ്‘ (SOAPING) വളഞ്ഞുപുളഞ്ഞങ്ങനെ..


മറ്റൊരിക്കലാണെങ്കിൽ ഒരു മുട്ടൻ തെറി.


മുഴക്കോൽ


കവിതകൾക്കൊരു അളവുണ്ട്..
കഥകൾക്കും...
ഒരു വിൻ‌ഡോയും പിന്നെ സ്ക്രോൾ വീലിന്റെ നാലിലൊന്നും കവിതകൾക്ക്.
ഒരു വിൻ‌ഡോയും മൂന്നര സ്ക്രോൾ വീലും കഥകൾക്ക്..
ബ്ലോഗൻ കവികളേ കഥാകാരന്മാരേ ആ മുഴക്കോലൊന്നു കടം തരുമോ?


network printer/


ട്രേയിൽ പേപ്പറില്ലെന്നു പറഞ്ഞു.
വെച്ചു.
പേപ്പർ തെരഞ്ഞെടുക്കുവാൻ പറഞ്ഞു
തെരഞ്ഞെടുത്തു.
പാസ്‌വേഡ് കൊടുക്കാൻ പറഞ്ഞു.
കൊടുത്തു.
ഫയൽ തെരഞ്ഞെടുക്കാൻ പറഞ്ഞു.
എടുത്തു.
എന്തൊക്കെയോ പിന്നെയും ചോദിച്ചു.


ഒടുവിൽ ഒടുക്കത്തെ ചോദ്യം വന്നു:


“Are you sure you want to print this file?"


'ok' യിൽ അമർത്തുമ്പോൾ കൈ തരിച്ചു.