2009, മേയ് 28, വ്യാഴാഴ്‌ച

പ്രവാസി കുട്ടിക്കവിതകൾ....1

(പലപ്പോഴും നമ്മോടൊപ്പം കാലം കഴിച്ചുകൂട്ടുന്ന പ്രവാസി പിഞ്ചുപൈതങ്ങളെ നാം മറന്നുപോകുന്നു. അവർക്കു പാകത്തിനുള്ള കുട്ടിക്കവിതകളുടെ അഭാവത്തെക്കുറിച്ച് ഇന്നലെ ഒരു ബ്ലോഗിൽ വന്നകുട്ടിക്കവിതകൾ വായിച്ചപ്പോഴാണു ഓർത്തത്. ഇതു അതിനായുള്ള ഒരു എളിയ ശ്രമമാകുന്നു.)


ദേരയിലുണ്ടൊരു തട്ടുകട..
റോളയിലുണ്ടൊരു പെട്ടിക്കട
അജ്മാനിലുണ്ടൊരു ചായക്കട
അൽക്കൂസിലുണ്ടൊരു പാണ്ടിക്കട

തട്ടുകടയിലുണ്ട് പരിപ്പുവട
പെട്ടിക്കടയിലട സ്പെഷ്യലുണ്ട്..
പാണ്ടിക്കടയിലോ പക്കുവട
മുറുമുറെ തിന്നുന്ന പക്കുവട..

പത്തുദിർഹത്തിനു വാങ്ങിയെല്ലാം
കുട്ടനു കൊണ്ടുക്കൊടുത്തു പപ്പ.

പക്കുവടയും പരിപ്പുവടേം
തട്ടിക്കളഞ്ഞു പറഞ്ഞുകുട്ടൻ
‘ദേറാർ മെനി ഷോപ്സ് ആ‍ൾ ഓവെർ ഹിയർ
ഹർദീസും കെ. എഫ്.സീം മക്ഡൊണാൾസും
ഈ പപ്പാടെ കണ്ണിൽ പിടിക്കുകേലേ
ഈ പപ്പായെക്കൊണ്ട് ഞാൻ തോറ്റു മമ്മീ..
ഈ പപ്പായെക്കൊണ്ട് ഞാൻ തോറ്റു മമ്മീ..‘