2012, ജനുവരി 20, വെള്ളിയാഴ്‌ച

ഇ-മെയിൽ വെരിഫിക്കേഷൻപേര്?
അബ്ദുൽ റഹ്മാൻ.
.
ഹ്മ്.. gmail ഐഡിയാണല്ലേ..?

അതേ സാർ.

ഹ്മ്.. പാസ്‌വേഡ് intelligent25, അല്ലേ..


അതേ സാർ..

ഇതിൽ നിന്ന് സിമിക്ക് ചില മെയിലുകൾ പോയതായി കാണുന്നല്ലോ?

അയ്യോ സാർ..അത്..

അത്?

സാർ അത് എന്റെ ഇളേമ്മാടെ മോളാ.. സിമി. ഇപ്പൊ ദുബായിലാ. അവൾക്ക് അയച്ച മെയിലുകളാ..

ഓഹോ.. അപ്പോ അന്തർദ്ദേശീയ ബന്ധമാണല്ലേ? നാളെ ലോക്കൽ സ്റ്റേഷനിൽ ഹാജരാകണം..അതെന്താടാ ആ ഇരിക്കുന്നെ? ജെലാറ്റിൻ സ്റ്റിക്ക് ആണോ?

അയ്യോ, അല്ല സാർ.. അത് എന്റെ ഉപ്പാപ്പാന്റെ വാക്കിംഗ് സ്റ്റിക്കാ.

2010, മാർച്ച് 28, ഞായറാഴ്‌ച

വിമാനത്തിലെ ബോംബ്കുഞ്ഞു കുഞ്ഞു മൈക്രോ കഥകൾ..

വിമാനത്തിലെ ബോംബ്:
വിമാനത്തിൽ ബോംബുവെച്ച രാജശേഖരൻ നായർ പിടിയിലായി.
കൂടുതൽ തെളിവുകൾക്കായി തുണിയഴിച്ചു പരിശോധിച്ചെങ്കിലും
ഭീകരവാദിയെന്നു തെളിയിക്കുന്ന ‘തുമ്പ്’ ഇതുവരെ കണ്ടെത്തിയിട്ടില്ല.
*******************************************************************
സൃഷ്ടി:
ഭാര്യ പ്രസവ വേദനകൊണ്ട് പുളഞ്ഞു..
സഹിക്കാനാവാതെ നിലവിളിച്ചു.
സൃഷ്ടിപ്പിന്റെ മഹാവേദന..
ഒടുവിലൊരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു..
വന്നവരും പോയവരുമൊക്കെ ഭർത്താവിന്
കൈകൊടുത്തു പറഞ്ഞു:
കൺഗ്രാജുലേഷൻസ്..“
**********************************

2010, ജനുവരി 22, വെള്ളിയാഴ്‌ച

പഴം‌പൊരി

പഴം‌പൊരി
*********************
മൈദയിൽ മുങ്ങി
എണ്ണയിൽ മിനുങ്ങി
പഴം പൊരി.
തലയേതെന്നറിയില്ല
വാലേതെന്നറിയില്ല.
പഴം പൊരി.
ആണായ് പിറന്നവൻ
പഴം പൊരി!
ചില്ലലമാരയിൽ
ബോണ്ടകളെ നോക്കി,
ഉഴുന്നു വടകളെ നോക്കി
വെള്ളമിറക്കുന്നു
പഴം പൊരി!!

2010, ജനുവരി 12, ചൊവ്വാഴ്ച

മാ ഫക്കർ..

ഈ പോസ്റ്റും തലക്കെട്ടും കാര്യമറിയാത്തവര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാം. കവിതയിലെ ലിങ്കുകളിൽ ക്ലിക്കി സംശയ നിവൃത്തി വരുത്തേണ്ടതാണ്.
അയാൾക്ക് ഒന്നും അറിയില്ലായിരുന്നു..
ബ്ളോഗിന്റെ ഊടുവഴികളിലൂടലയുമ്പോൾ
വഴിതെറ്റി ഒരു തെരുവിൽ എത്തിച്ചേർന്നു.
ദൈവത്തെ തെറിപറയുന്ന ഒരു ലേലച്ചന്തയായിരുന്നു അത്.
അവിടുത്തെ അഴുക്കു ചാലുകളെപ്പറ്റി അയാൾ അവരോടു ചോദിച്ചു.
ഒരു ചന്തപ്പയ്യൻ അയാളോട് അരുതെന്ന് ആംഗ്യം കാട്ടി.
തെളിനീരൊഴുകുന്ന നീരുറവകളാണവയെന്നും
ഇതിന്റെ സുഗന്ധം ആസ്വദിക്കുവാൻ നീ ഇവിടെ
എന്തിനു വന്നു എന്നും അവർ ആക്രോശിച്ചു..
ക്വാണ്ടം ഫിസിക്സിന്റെ കണികകളിൽ ദൈവത്തെ ദർശിച്ച
വേദാന്തികളായിരുന്നു അവർ.
അവരുടെ ദൈവം ഒരു തന്മാത്രയോളം ചെറുതായിരുന്നു.
അയാൾ അവിടെ ഭാഷയുടെ പരിമിതിയിൽ കണ്ണീർ വാർത്തു.
ഒടുവിൽ അവരുടെ വേദവാക്യം അവതരിച്ചു..

മാ.. ഫക്കർ. (ഫക്കറേ അരുത്!!)

‘ചിന്ത’ നിറയെ പുരുഷാരമുണ്ടായിരുന്നിട്ടും
അവരാരും കേൾക്കാത്തൊരശരീരിയായി..
മാ ഫക്കർ!!
മാ ഫക്കർ!!
എന്ന് ആ വാക്യം മുഴങ്ങിക്കൊണ്ടിരുന്നു..

(അടുത്ത ബ്ലോഗേഴ്സ് മീറ്റിന് അനുവദിക്കുമെങ്കിൽ ആലപിക്കാൻ ഒരുക്കിയ കവിത)

2009, നവംബർ 21, ശനിയാഴ്‌ച

ലോക സമാധാനത്തിന്

എന്റെ അരയിൽ കത്തിയുള്ളപ്പോൾ
ഞാൻ അവനെയും
അവന്റെ അരയിൽ അതു പതുങ്ങിയിരുന്നപ്പോൾ
അവൻ എന്നെയും ആക്രമിച്ചു.
എന്റെയും അവന്റെയും അരയിൽ അതുള്ളപ്പോൾ
ഞാനും അവനും സമാധാനമായിരുന്നു.
അതുകൊണ്ടാണ് ഞാൻ പറഞ്ഞത്
എല്ലാവരുടെയും അരയിൽ
കത്തിയുള്ള കാലത്തേ
ലോകത്ത് സമാധാനം ഉണ്ടാവൂ എന്ന്..

2009, നവംബർ 20, വെള്ളിയാഴ്‌ച

മിസൈൽ ആക്രമണം..

‘അഭയാർത്ഥി ക്യാമ്പിൽ മിസൈൽ ആക്രമണം
ഒരു മരണം.
വാർത്തവായിച്ച് പ്രസിഡന്റിനു കലിയിളകി
യുദ്ധമുഖത്തെ ക്യാപ്റ്റനെ വിളിച്ച് ആക്രോശിച്ചു:
“ഏത് മറ്റേടത്ത് നോക്കിയാടാ മിസൈലിടുന്നത്?“

2009, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

മൈക്രോസ് - 5 നഗ്നരായവരുടെ രാജ്യം.

ഒരിടത്തൊരിടത്ത് ഒരു രാജ്യമുണ്ടായിരുന്നു.
അവിടെ, ഒരിക്കല്‍ ഒരു രാത്രിയില്‍
തുണികളായ തുണികളൊക്കെ, 
അതായത്, വസ്ത്രങ്ങളായ വസ്ത്രങ്ങളൊക്കെ അപ്രത്യക്ഷമായി.
രാവിലെ ഉണര്‍ന്നപ്പോള്‍ ഒരാള്‍ക്കും വസ്ത്രമില്ല.
എവിടെയും  വസ്ത്രത്തിന്റെ ഒരു തുണ്ടുപോലുമില്ല
സ്ത്രീകളും പുരുഷന്മാരും മുക്കുമൂലകളില്‍ പരതി.
ഒരു തുണ്ടുപോലും  കിട്ടിയില്ല.
രാജ്യ തലസ്ഥാനത്തെ കോട്ടക്കു മുകളിൽ ഉയർത്തിയിരുന്ന പതാകപോലും കാണ്മാനില്ല.
വസ്ത്ര നിര്‍മാണ ശാലകള്‍ നിന്നിടം വലിയ കളിസ്ഥലം പോലെ കിടന്നു.
സ്ത്രീകളും പുരുഷന്മാരും  മുറികള്‍ക്ക് പുറത്തിറങ്ങാനാവാതെ വീര്‍പ്പുമുട്ടി.
വീര്‍പ്പുമുട്ടി വീര്‍പ്പുമുട്ടി മുറികള്‍ക്കുള്ളില്‍ മുതിര്‍ന്നവരെല്ലാം മരിച്ചുപോയി.
കുട്ടികള്‍ വീട് വിട്ടിറങ്ങി.
നാടും നഗരവും സ്വന്തമാക്കി
അങ്ങനെ നഗ്നരായവരുടെ രാജ്യമുണ്ടായി.
അങ്ങനെയിരിക്കെ കുറച്ചു കാലങ്ങൾക്കു ശേഷം ഒരു രാത്രിയിൽ
കോട്ടക്കു മുകളിലൂടെ ഒരു കോണകക്കീറ് പറന്നുവരുന്നത്
നഗ്നരായവരുടെ രാജ്യത്തെ പട്ടാളക്കാർ കാണാനിടയായി.
അവർ കലിപൂണ്ട് പടക്കോപ്പുകൾ കൂട്ടുകയും നിരവധി വെടിയുതിർക്കുകയും ചെയ്തു.
അന്നു മുതൽക്കാണത്രേ വസ്ത്രങ്ങളിൽ ഓട്ടകൾ വീഴാൻ തുടങ്ങിയത്