2009, ഏപ്രിൽ 14, ചൊവ്വാഴ്ച

പൂച്ചകളും നാലു കാലും.

പൂച്ചകൾ നാലുകാലിലേ വീഴൂ..
വിജയന്റേതായാലും രമേശന്റേതായാലും
നാലുകാലിലേ വീഴൂ
പലരീതിയിൽ പരീക്ഷിച്ചുനോക്കി..
മുകളിൽനിന്നു തല കുത്തനെ ഇട്ടുനോക്കി,
വശങ്ങളിലേക്കു വീശിയെറിഞ്ഞു.
എന്നിട്ടും നാലുകാലിലേ വീഴൂ.
ഒടുവിൽ,
കാലുകൾ നാലും ഛേദിച്ച്
മുകളിൽ നിന്ന് നാഴേക്കെറിഞ്ഞു.
അപ്പോൾ അവ വീണില്ല.
വായുവിൽ വാശിപിടിച്ച് തങ്ങിനിന്നു..

2009, ഏപ്രിൽ 2, വ്യാഴാഴ്‌ച

മൈക്രോസ് ..

പെണ്ണ്...
************************
പെണ്ണായ് പിറക്കുകിൽ
വിണ്ണിൽ പിറക്കണം..
മണ്ണിൽ പിറക്കുകിൽ,
കൊത്തിപ്പറിച്ചിടും,
കൊല്ലും കുഴിച്ചിടും..
തെക്കേപ്പറമ്പിലെ
കക്കൂസ് തോടികളിൽ...
------------------------------------------------------
സുനാമി..
*************

കോമഡിഷോയ്ക്ക് താഴെ
രണ്ടുലക്ഷം മൃതദേഹങ്ങളും വഹിച്ച്
ഒരു സുനാമി വാർത്ത ഒഴുകി ഒഴുകി....
---------------------------------------------
മിന്നു..
**********

രാവിലെ സ്കൂളിൽ പോയ മിന്നുവിനെ
ഉച്ചക്കും കണ്ടില്ല..
വൈകിട്ടും കണ്ടില്ല..
ഇനി നോക്കാനൊരിടമില്ല...
ഒടുവിൽ , രാത്രിയിൽ
ഏഷ്യാനെറ്റ് ന്യൂസിൽ കണ്ടെത്തി..
അവനെ പോലീസ് തെരയുന്നുണ്ടത്രെ.
-----------------------------------------------------

പരിണാമം
*********

ഉടുതുണിയുടെ
പരിണാമ പാരമ്യതയില്‍
മനുഷ്യർക്ക്
പ്രകൃതിയുടെ ഒരു വാൽ
പുനർ പരിണമിക്കുമോ
ഡാർവ്വിൻ??!

തലയിണ....

സ്വപ്നങ്ങൾ നിറച്ച ഒരു ഭാണ്ടക്കെട്ടാകുന്നു തലയിണ...

ഉറങ്ങുമ്പോൾ സ്വപ്നങ്ങൾ ആരും അറിയാതെ തലയിലേക്ക് കയറുന്നു.

ഉണരുമ്പോൾ ഞാനൊന്നുമറിഞ്ഞില്ലേ എന്നമട്ടിൽ അവ

തലയിണയിൽ തിരികെക്കയറി ഉറക്കമാകും..

സ്വപ്നങ്ങൾ ഉറങ്ങുന്ന തലയിണ നെഞ്ചിലേക്ക് ചേർത്ത് മുറുകെപ്പുണർന്ന്

സ്വപ്നങ്ങളെ ഹൃദയത്തിലേക്ക് ആവാഹിക്കാൻ ഒരിക്കല്‍ ശ്രമിച്ചിട്ടുണ്ട് ഞാൻ..

അപ്പോള്‍ അവ ഉള്ളിലേക്ക് പ്രവഹിക്കുകയും

അവിടെയിരുന്നു വിങ്ങുകയും

പിന്നീട് ഹൃദയം പോട്ടിപ്പോകുമാറ് വികസിക്കുകയും ചെയ്തു..

അന്ന് ഞാന്‍ മനസ്സിലാക്കി,

സ്വപ്നങ്ങളെ ഉള്‍ക്കൊള്ളാന്‍ ഹൃയങ്ങള്‍ക്ക് ആവില്ലെന്ന്.....