ഇതു കഥയോ കവിതയോ ഒന്നുമല്ല. കുറും കവിതകളോ കഥകളോ വന്നുകൂടെന്നുമില്ല.
മൈക്രോസിന് ഒരിടം ഇല്ലാത്തതിനാൽ ഇത് കവിതയിലോ കഥയിലോ പോസ്റ്റിക്കൊണ്ടിരിക്കുന്നു. പലവകയിൽ ഇടാനും ഇഷ്ടമില്ല.
1. മുട്ടുവേലികൾ.
കുഞ്ഞിലേ വാപ്പാ പറയും..
മുട്ടുവേലിക്കപ്പുറം പോകരുത്
വഴിയിൽ പാഞ്ഞുവരുന്ന
കാറുണ്ട്, ജീപ്പുണ്ട്, സൈക്കിളുണ്ട്.
ചെറുപ്പത്തിൽ പറഞ്ഞു,
ദൂരെയെങ്ങും പോകരുത്
പിള്ളേരെപ്പിടുത്തക്കാരുണ്ട്.
ഇപ്പോ ഒരു കമ്പ്യൂട്ടർ വാങ്ങി
കണക്ഷൻ എടുത്തു തന്നിട്ടു പറഞ്ഞു:
ബൂലോകത്തെങ്ങും പോകരുത്.
ഇ. എ. ജബ്ബാറുണ്ട്,
സി. കെ. ബാബുവുണ്ട്,
പിന്നെയൊരുപ്പാപ്പയുണ്ട്; ഡാർവ്വിൻ!
2. ടാസ്ക് ബാർ
ടാസ്ക് ബാർ ഒരു മനസ്സുപോലെയാണ്.
ആത്മീയതയും, അനാശാസ്യങ്ങളും
വയറ്റുപ്പിഴപ്പിന്റെ വർക്ക് ഷീറ്റുകളും
സല്ലാപങ്ങളും വാൿപയറ്റുകളും
എല്ലാം ഒരുമിച്ച് മിനിമൈസ് ചെയ്യപ്പട്ട ഒരിടം.
3. ഒരമ്മ പെറ്റ റെയിൽവേയ്സ്
തീവണ്ടികളുടെ കൂവലെല്ലാം ഒരു പോലെ..
ഒരു പക്ഷേ ഒരമ്മ പെറ്റതാവാം.
റെയിൽവേ സ്റ്റേഷനുകളും അതിലെ ആരവങ്ങളും ഒരുപോലെ..
ഒരു പക്ഷേ ഒരമ്മ പെറ്റതാവാം.
റെയിൽ ചായയും
ചായ വിതരണക്കാരുടെ സ്വരവുമെല്ലാം ഒരുപോലെ..
ഒരു പക്ഷേ ഒരമ്മ പെറ്റതാണോ?
4. ബുക്ക് സ്റ്റാൾ
അടുക്കളയിൽ മീൻ വെട്ടുകയും സവാള അരിയുകയും ചെയ്യുന്ന
ഒരു ഭർത്താവിന്റെ കദന കഥയും,
വലതു വശത്ത് കുന്നുകൂടുന്ന കോസ്മോ പുസ്തകങ്ങൾ
കണ്ണാടിക്കു മുന്നിൽ മുഖം മിനുക്കുന്ന ഒരു ഭാര്യയുടെ സൌന്ദര്യ രഹസ്യവും
പിന്നെ സ്ത്രീ ശാക്തീകരണ ചരിത്രവും
തുറക്കാതെ തന്നെ പറഞ്ഞു തന്നു.